അതിതീവ്രന്യൂനമര്‍ദ്ദം, ഇന്നും നാളെയും വ്യാപകമഴയ്ക്ക് സാധ്യത, ഒമ്പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ഏഴു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി നാളെ ഇന്ന് വൈകുന്നേരത്തോടെ പുരിക്കും (ഒഡിഷ), ദിഗക്കും (Digha, പശ്ചിമ ബംഗാള്‍) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

തുടര്‍ന്ന് ഒഡിഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇതോടൊപ്പം കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്.

Exit mobile version