കേരളത്തിലെ ബെവ്‌കോ മദ്യം ലക്ഷദ്വീപിലേക്കും; വില്‍പ്പനയ്ക്ക് അനുമതി

തിരുവനന്തപുരം: കേരളത്തിലെ ബെവ്‌കോ മദ്യം വില്‍പ്പനയ്ക്കായി ലക്ഷദ്വീപിലേക്കും എത്തുന്നു. മദ്യം വില്‍ക്കാനായി സംസ്ഥാന സര്‍ക്കാര്‍ ബെവ്‌ക്കോയ്ക്ക് അനുമതി നല്‍കി ഉത്തരവിറക്കി.

മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി കേരളത്തിലെ ബെവ്‌ക്കോയില്‍ നിന്നും മദ്യം വാങ്ങാന്‍ ദ്വീപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് മദ്യ വില്‍പ്പന നടത്താന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചത്.

വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം എക്‌സൈസ് നിയമത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തി. ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകള്‍ക്കായി മദ്യവില്‍പ്പന നടത്താന്‍ തീരുമാനം. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപിലെ സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ ടൂറിസം ആന്റ് സ്‌പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടറാണ് എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയത്.

കൊച്ചി-ബേപ്പൂര്‍ തുറമുഖകളില്‍ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതില്‍ മദ്യം വാങ്ങികൊണ്ടുപോവുകയായിരുന്നു ആവശ്യം. അപേക്ഷ പരിശോധിച്ച എക്‌സൈസ് കമ്മീഷണര്‍ ലക്ഷദ്വീപ് അഡ്മിസ്‌ട്രേഷനുമായി ചര്‍ച്ച നടത്തി. മദ്യ വില്‍പ്പന നടത്തുന്ന ബെവ്‌ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന കച്ചവടമായതിനാല്‍ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാരിന് എക്‌സൈസ് കമ്മീഷണര്‍ കത്തു നല്‍കി. ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തില്‍ നിന്നും വലിയതോതില്‍ മദ്യം വാങ്ങുന്നത്.

Exit mobile version