ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍. പുലര്‍ച്ചെ നാലു മുതല്‍ ആറ് കല്യാണ മണ്ഡപങ്ങളിലായി 354 കല്യാണങ്ങളാണ് നടക്കുന്നത്. മണ്ഡപങ്ങളെല്ലാം ശനിയാഴ്ച രാത്രി തന്നെ സജ്ജീകരിച്ചു. വിവാഹകാര്‍മികരായ ആറു കോയ്മമാരും മംഗളവാദ്യ-നാഗസ്വര സംഘങ്ങളും ഞായറാഴ്ച നേരത്തേ തയ്യാറായി. കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
150 ഓളം പോലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടക്കുന്നത്.
അതേസമയം, ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങള്‍ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതിനാലാണ് ഇന്ന് ഇത്രയധികം വിവാഹങ്ങള്‍ തീരുമാനിച്ചത്. മുന്‍മന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലര്‍ച്ചെ നടന്ന വിവാഹങ്ങളില്‍ ഒന്ന്. പുലര്‍ച്ചെ ആറ് വരെ 80 ഓളം വിവാഹങ്ങള്‍ നടന്നു. ഒരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫര്‍മാര്‍ അടക്കം 24 പേര്‍ക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.