കോഴിക്കോട്: നാദാപുരം തണ്ണീര്‍പന്തലില്‍ കടയില്‍ അതിക്രമിച്ച് കയറി കടയുടമയുടെ നേരെ മുളക് പൊടി എറിഞ്ഞ് പണം കവര്‍ന്നതായി പരാതി. തണ്ണീര്‍ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ ഇബ്രാഹിമിനെയാണ് യുവാവ് ആക്രമിച്ച് പണം കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. കടയില്‍ ഉണ്ടായിരുന്ന പതിനൊന്നായിരത്തോളം രൂപ മോഷ്ടാവ് കവര്‍ന്നതായും പരാതി ഉണ്ട്.
യുവാവിന്റെ ആക്രമണത്തില്‍ കടയില്‍ വീണ് കിടക്കുന്ന വ്യാപാരിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. പരിക്കേറ്റ ഇബ്രാഹിമിനെ നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post