‘പരാതി വ്യാജം, കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം’; നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി

തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം.

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ ഡിജിപിക്ക് വിശദമായ പരാതി നല്‍കി നടന്‍ നിവിന്‍ പോളി. കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിയെ സമീപിച്ചിരിക്കുകയാണ് നടന്‍ നിവിന്‍ പോളി.

തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം. ഇതിനിടെ നിവിന് പിന്തുണയുമായി നടി പാര്‍വതി ആര്‍ കൃഷ്ണയും രംഗത്തെത്തി.

കേസില്‍ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്‌പോര്‍ട്ട് ഹാജരാക്കുമെന്നും നിവിന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിന്‍ പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

അതേസമയം, ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തിയാണ് പാര്‍വതി ആര്‍ കൃഷ്ണയുടെ വെളിപ്പെടുത്തല്‍. ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റില്‍ നിവിനോടൊപ്പം നില്‍ക്കുന്ന ചിത്രമടക്കം പങ്കുവച്ചാണ് പാര്‍വതി നടന് പിന്തുണയറിച്ചത്. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും യുവനടി ഇതിനോടൊപ്പം പുറത്തുവിട്ടു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ പാര്‍വതിയും വേഷമിട്ടിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലര്‍ച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകന്‍ വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു.

Exit mobile version