തിരുവനന്തപുരം: പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ 2024 (BR 99) സെക്രട്ടേറിയറ്റില്‍ ധന മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ധന വകുപ്പു മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രകാശനം ചെയ്തു.
സെക്രട്ടേറിയറ്റില്‍ ധന മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്, സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടര്‍ എബ്രഹാം റെന്‍, ജോയിന്റ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) മായാ എന്‍.പിള്ള, ജോയിന്റ് ഡയറക്ടര്‍ എം.രാജ് കപൂര്‍(ഓപ്പറേഷന്‍സ്) ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.അനില്‍ കുമാര്‍ സെയില്‍സ് ആന്റ് പ്രിന്റിംഗ് എന്നിവര്‍ പങ്കെടുത്തു.
ജൂലൈ 31-ന് വിപുലമായ ചടങ്ങോടെ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന പ്രകാശന കര്‍മ്മം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.
500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന്റെ നിരക്ക്. തിരുവോണം ബമ്പറിന്റെ (BR 99) രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി വീതമാണ് നല്‍കുക.
20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ പത്തു കോടി-ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അമ്പതു ലക്ഷം- 10 പരമ്പരകള്‍ക്ക് ), 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ ഇരുപതു ലക്ഷം- ഓരോ സീരീസുകളിലും ഓരോ സമ്മാനം 10 പേര്‍ക്ക് ) ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.