മഴ കനത്താല്‍ ചൂരല്‍ മലയില്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടാകാം; മുന്നറിയിപ്പുമായി ഗവേഷകര്‍

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മലയില്‍ മഴ കനത്താല്‍ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായേക്കാമെന്ന് ഐസര്‍ മൊഹാലി ഗവേഷകര്‍. തുലാമഴ അതിശക്തമായി പെയ്താല്‍ മുണ്ടക്കൈ-ചൂരല്‍മലയില്‍ ഇളകി നില്‍ക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്നും ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍ വ്യക്തമാക്കി.

പുഞ്ചിരിമട്ടത്തിനോട് ചേര്‍ന്നുണ്ടായ പാറയിടുക്കില്‍ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസര്‍ മൊഹാലിയുടെ പഠനത്തിലുള്ളത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദര്‍ശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്.

ഉരുള്‍പൊട്ടലിന്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകള്‍ ഇളകി നില്‍പ്പുണ്ട്. മണ്ണാകട്ടെ ഉറച്ചിട്ടുമില്ല. വെള്ളരിമലയില്‍ അതിശക്തമായ മഴപെയ്താല്‍, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. അതു മാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുള്‍ പൊട്ടലില്‍ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുള്‍ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കില്‍ ഉരുള്‍ അടിയുന്നത്. നിമിഷ നേരം കൊണ്ട് മര്‍ദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം. ഇത് മുന്നില്‍ കണ്ട് മതിയായ മുന്‍കരുതല്‍ എടുക്കണം എന്നാണ് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Exit mobile version