രാത്രി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയി, പരാതി

bus |bignewslive

തൃശൂര്‍: ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയതായി പരാതി. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം. ഷോണി എന്ന സ്വകാര്യ ബസ് ആണ് കാണാതായത്.

കുന്നംകുളം ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സാണ് കാണാതായത്. മുതുവറ സ്വദേശിയുടേതാണ് ബസ്. ബസ് എടുക്കുന്നതിനായി രാവിലെ ഡ്രൈവര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു.

അപ്പോഴാണ് ബസ് കാണാനില്ലെന്ന് വിവരം അറിയുന്നത്. കുന്നംകുളത്തെ പുതിയ ബസ് സ്റ്റാന്‍ഡിലാണ് ബസ് നിര്‍ത്തിയിട്ടിരുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കുന്നംകുളം പൊലീസ് എസ്എച്ച്ഒ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. പുലര്‍ച്ചെ നാലുമണിക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരാള്‍ ബസ് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

Exit mobile version