പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, അടുത്ത ആറുദിവസം ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായിട്ടാണ് മഴയ്ക്ക് സാധ്യത.

ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കിഴക്കന്‍ വിദര്‍ഭക്കും തെലുങ്കാനക്കും മുകളിലായി തീവ്ര ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്ക് – പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്തു തീരം വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടു. മധ്യ പടിഞ്ഞാറന്‍ / വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സെപ്റ്റംബര്‍ 5 ഓടെ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെയെല്ലാം ഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. വടക്ക് – പടിഞ്ഞാറന്‍ അറബിക്കടലിലെ അസ്ന ചുഴലിക്കാറ്റ് തീവ്ര ന്യുനമര്‍ദ്ദമായി ശക്തി കുറഞ്ഞു. തെക്ക് – തെക്ക് പടിഞ്ഞാര്‍ ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യുന മര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version