റോഡിലേക്ക് കടപുഴകി വീണ മരത്തില്‍ ഓട്ടോയിടിച്ചു, മീന്‍ വില്‍പ്പനക്കാരന് ദാരുണാന്ത്യം

death|bignewslive

കോട്ടയം: റോഡിലേക്ക് കടപുഴകി വീണ മരത്തില്‍ ഓട്ടോയിടിച്ച് മീന്‍ വില്‍പ്പനക്കാരന് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. തൃശൂര്‍ ചുവന്നമണ്ണ് വള്ളിക്കാട്ടില്‍ ബിജു ജോസ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. വൈക്കം- തൊടുപുഴ റോഡില്‍ കാഞ്ഞിരമല കോണ്‍വെന്റിനു സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.

പുലര്‍ച്ചെ വില്‍പ്പനയ്ക്കുള്ള മീന്‍ വാങ്ങുന്നതിനായി ഓട്ടോറിക്ഷയില്‍ പോകുമ്പോഴാണ് അപകടം. കാഞ്ഞിരമല ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുന്ന ബിജു ഒന്നര വര്‍ഷമായി വെളിയന്നൂര്‍- അരീക്കര റോഡില്‍ മീന്‍ വില്‍പ്പന നടത്തുകയാണ്.

രാത്രിയിലുണ്ടായ കാറ്റില്‍ ആഞ്ഞിലി മരം റോഡിലേക്ക് വീണു കിടക്കുകയായിരുന്നു. എന്നാല്‍ ബിജു ഇത് കണ്ടിരുന്നില്ല. ബിജു സഞ്ചരിച്ച ഓട്ടോ മരത്തിലിടിക്കുകയായിരുന്നു.

ഓട്ടോയില്‍ നിന്നു റോഡിലേക്ക് തെറിച്ചു വീണ ബിജുവിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി ഉടന്‍ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബ്ലെസി. മക്കള്‍: ജഫ്രിന്‍, ജസ്റ്റിന, ജസിയ. മൂവരും വിദ്യാര്‍ഥികള്‍.

Exit mobile version