എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി, പകരം ചുമതല ടി പി രാമകൃഷ്ണന്

തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ബിജെപി ബാന്ധവ വിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. പകരം ടി പി രാമകൃഷ്ണനാണ് ചുമതല നല്‍കിയിരിക്കുന്നത്. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി.

ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുന്നണിക്കുള്ളിൽ നിന്നും കടുത്ത അതൃപ്തി ഉയർന്നിരുന്നു. പ്രകാശ് ജവദേക്കർ-ഇ പി ജയരാജൻ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദമായിരുന്നു. ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനുമായിരുന്നു ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജൻ ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തൻ്റെ മകന്റെ വീട്ടിൽ വന്ന് ജാവദേക്കർ കണ്ടിരുന്നുവെന്ന് ജയരാജൻ സമ്മതിക്കുകയായിരുന്നു.

അതേസമയം വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇ പി ജയരാജൻ തയാറായില്ല. വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലെ വീട്ടിലെത്തിയ ഇ പി ജയരാജൻ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നും സമയമാകുമ്പോൾ പറയാമെന്നുമാണ് പ്രതികരിച്ചത്.

Exit mobile version