അതിതീവ്ര ന്യൂനമര്‍ദ്ദം, ഇന്ന് ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

rain|bignewslive

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് രാവിലെയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യത. മധ്യ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.

ഇന്ന് മധ്യ കിഴക്കന്‍ / വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ട് വടക്കന്‍ ആന്ധ്രാ പ്രദേശ് തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായിട്ടാണ് കേരളത്തില്‍ മഴ ലഭിക്കുക.

വരും ദിവസങ്ങളിലും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Exit mobile version