അര്‍ജ്ജുന്‍ ദൗത്യം: ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കും, ചെലവ് വഹിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ഡ്രഡ്ജര്‍ കൊണ്ട് വരാന്‍ ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ കൊണ്ട് വരാന്‍ ഉള്ള ചെലവ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. ഇത് സംബന്ധിച്ച് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കി. ഡ്രഡ്ജര്‍ കൊണ്ട് വരാന്‍ ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഡ്രഡ്ജര്‍ കൊണ്ടുവന്ന് എത്രയും വേഗം തെരച്ചില്‍ പുനരാരംഭിക്കണമെന്നാണ് ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടത്. അര്‍ജുന്റെ ബന്ധു ജിതിന്‍, എംകെ രാഘവന്‍ എംപി, മഞ്ചേശ്വരം എംഎല്‍എ എക എം അഷറഫ്, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ എന്നിവരാണ് കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടത്. ഗംഗാവലി പുഴയില്‍ മണ്ണ് അടിഞ്ഞതിനാല്‍ ഡ്രഡ്ജിംഗ് നടത്താതെ തെരച്ചില്‍ സാധ്യമാകില്ല.

Exit mobile version