മലപ്പുറം: താക്കോല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന് പിതാവിന്റെ കാറിന് തീയിട്ടു. മലപ്പുറം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.
കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജാണ് പിതാവിന്റെ കാര്‍ കത്തിച്ചത്.
സംഭവത്തിന് പിന്നാലെ പിതാവ് മകനെതിരെ പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ 21കാരനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ ഡാനിഷ് പിതാവിനോട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കൊടുക്കാന്‍ പിതാവ് തയ്യാറായില്ല.
ഇതില്‍ പ്രകോപിതനായ ഡാനിഷ് കാര്‍ കത്തിക്കുകയായിരുന്നു. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറാണ് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സംഭവസമയത്ത് എല്ലാവരും വീട്ടിലുണ്ടായിരുന്നു.
കാര്‍ പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. എന്നാല്വീടിന്റെ ജനലുകളും കത്തിനശിച്ചു. പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവാവിന്റെ മാനസിക നില ഉള്‍പ്പടെ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
Discussion about this post