പത്തനംതിട്ട: തുലാമാസപൂജയ്ക്ക് തുറന്ന ശബരിമല നട നാളെ അടയ്ക്കും. ഇന്നും നാളെയും ശബരിമലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താനാണ് പോലീസ് തീരുമാനം. ശബരിമലയിലേയ്ക്ക് ഇന്ന് സ്ത്രീകള്‍ എത്താന്‍ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം. ഞായറാഴ്ച്ചയായതിനാല്‍ തീര്‍ത്ഥാടകരുടെ വലിയ തിരക്കാണ് ഇന്ന് ശബരിമലയില്‍. മലയാളികളായ നിരവധി തീര്‍ത്ഥാടകര്‍ ഇന്ന് സന്നിധാനത്തേയ്ക്ക് എത്തിയിട്ടുണ്ട്.
സുരക്ഷയ്ക്കായി ശബരിമലയില്‍ പ്രത്യേകസംഘത്തെത്തന്നെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ദീര്‍ഘകാലത്തെ പരിചയമുള്ള ഓഫീസര്‍മാരാണ് ക്രമസമാധാനച്ചുമതല നിര്‍വഹിക്കുന്നത്. മണ്ഡല-മകരവിളക്ക് സീസണ് പോലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഈ തീര്‍ത്ഥാടക സീസണ് കഴിഞ്ഞ ശേഷം ഉന്നതപോലീസുദ്യോഗസ്ഥരുടെ അവലോകന യോഗം ചേരും. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങളുള്‍പ്പടെ, സാഹചര്യങ്ങള്‍ വിലയിരുത്തി വേണം അടുത്ത സീസണില്‍ ഒരുക്കേണ്ട സുരക്ഷയെക്കുറിച്ച് തീരുമാനമെടുക്കാനെന്നും ബെഹ്റ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട പോലീസ് സ്റ്റേഷനുകളിലേയ്ക്കും ശബരിമല കര്‍മസമിതി ഇന്ന് സംസ്ഥാനവ്യാപകമായി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലയ്ക്കലും പമ്പയിലുമുള്ള പോലീസ് സ്റ്റേഷനുകളിലേയ്ക്കും മാര്‍ച്ച് നടക്കാനുള്ള സാധ്യതയുണ്ട്. എല്ലാ ദിവസവും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധപ്രകടനം നടത്തുമെന്ന് യുവമോര്‍ച്ച നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഇന്നലെയും ബിജെപി നേതാക്കള്‍ നിലയ്ക്കലില്‍ പ്രതിഷേധം നടത്തുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post