ആര്‍ക്കേലും ചായ വേണോ? പരീക്ഷാഹാളില്‍ ടീച്ചറുടെ ചോദ്യം: ഞെട്ടിച്ച് ചായ വേണമെന്ന് വിദ്യാര്‍ഥി, സ്‌നേഹം നിറച്ച ഒരു കപ്പ് ചായയുടെ കഥ

പരീക്ഷാഹാളില്‍ ടീച്ചറെ തേടി വരുന്ന ആ ചായ കപ്പ് അത്ര പെട്ടെന്നൊന്നും മറന്നുകാണില്ല ആരും. പഠിച്ച ഉത്തരം ഓര്‍മ്മിക്കുമ്പോഴോ, അല്ലെങ്കില്‍ അറിയാവുന്നതെല്ലാം പേപ്പറില്‍ എഴുതിനിറയ്ക്കുന്ന തിരക്കിലോ ആ ചായക്കാഴ്ച മങ്ങും.

ആര്‍ക്കേലും ചായ വേണോ എന്ന ചോദ്യം ചോദിച്ച് വാതില്‍പ്പടിയില്‍ പോയി നിന്ന് ടീച്ചര്‍ ചായ കുടിയ്ക്കുന്ന കാഴ്ചയെ മനസ്സിലേക്ക് കൊണ്ടുവരുന്ന ഒരു കുറിപ്പ് വൈറലാണ് സൈബര്‍ ലോകത്ത്. പതിവുപോലെ ചായ എത്തിയപ്പോള്‍ ഡിംമ്പിള്‍ റോസെന്ന അധ്യാപിക സ്ഥിരം ചോദ്യമെറിഞ്ഞു, നിറഞ്ഞ സ്‌നേഹത്തോടെ ചോദിച്ചു ആര്‍ക്കേലും ചായ വേണോ? ഭക്ഷണം കഴിക്കാതെയോ കിലോ മീറ്ററുകള്‍ നടന്നോ സ്‌കൂളിലെത്തുന്ന ഏതേലും വിദ്യാര്‍ഥി ഒരു ചായയ്ക്ക് വേണ്ടി മോഹിച്ചിരുപ്പുണ്ടോ എന്നറിയാന്‍ കൂടിയായിരുന്നു ടീച്ചറുടെ ആ ചോദ്യം.

ടീച്ചറെ ഞെട്ടിച്ച് ഒരു കുട്ടി പറഞ്ഞു ടീച്ചറിന് വേണ്ടെങ്കില്‍ തന്നേക്ക് എന്ന്.
സ്വന്തം ക്ഷീണമെല്ലാം മറന്ന ടീച്ചര്‍ അവന് സ്‌നേഹം നിറച്ച ചായ കൈമാറി.
അടുത്തടുത്തിരുന്ന മൂന്നാല് പേര്‍ ഓരോ സിപ്പെങ്കിലും കുടിച്ചു. ചായ കുടിക്കാതെ തന്നെ എന്റെ ക്ഷീണം മാറുന്ന മാജിക് ഞാന്‍ അനുഭവിച്ചറിഞ്ഞു. ആ സ്‌നേഹബന്ധത്തിന്റെ കഥ വായിക്കാം.
”എന്റെ പിള്ളേരൊക്കെ എന്നാ കിടുവാന്നേ!
എക്സാം ഹോളിൽ ചായ കൊണ്ട് വരുമ്പോൾ എനിക്കാകെ വിഷമമാണ് കുട്ടികളുടെ മുന്നിൽ വച്ച് കുടിക്കാൻ. ചായ കുടിക്കാതിരിക്കാനും പറ്റില്ല.ഞാൻ അപ്പോൾ കുട്ടികളോട് ചോദിക്കും ആർക്കേലും ചായ വേണോ എന്ന്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ചോദിക്കുക.
1) കഴിക്കാതെ വന്ന ആരേലുമുണ്ടെങ്കിലോ ,ചായ കിട്ടിയിരുന്നെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിക്കുന്ന ആരേലുമുണ്ടെങ്കിലോ കൊടുക്കാം.
2) കുട്ടികൾക്ക് കൊടുക്കാതെ കുടിക്കുന്നതിലുള്ള കുറ്റബോധം ഒഴിവാക്കാം.
സാധാരണയായി കുട്ടികൾ വേണമെന്ന് പറയില്ല.എന്നാൽ കഴിഞ്ഞ ദിവസം ചായവേണോ എന്ന് ചോദിച്ചപ്പോൾ ടീച്ചറിന് വേണ്ടെങ്കിൽ തന്നേക്ക് എന്ന് ഒരു കുട്ടി. എനിക്ക് വേണ്ടാത്തത് കൊണ്ടല്ല നിങ്ങൾക്ക് വേണോ എന്ന് ചോദിച്ചത് എന്ന് പറഞ്ഞേപ്പോൾ അവൻ വേണമെന്ന് പറഞ്ഞു. അന്ന് ഞാൻ ശരിക്കും മടുത്ത് ക്ഷീണിച്ചിരിക്കുവായിരുന്നെങ്കിലും ചായ അവന് കൊടുത്തു.അടുത്തടുത്തിരുന്ന മൂന്നാല് പേർ ഓരോ സിപ്പെങ്കിലും കുടിച്ചു. ചായ കുടിക്കാതെ തന്നെ എന്റെ ക്ഷീണം മാറുന്ന മാജിക് ഞാൻ അനുഭവിച്ചറിഞ്ഞു. (അല്ലെങ്കിലും ഒരു കപ്പ് കോഫിയിലെ സ്നേഹവും സ്നേഹ നിരാസവും എനിക്ക് പണ്ടേ അറിയാം.)
പിറ്റേ ദിവസവും മറ്റൊരു ഹോളിൽ ചായ ഒരു കുട്ടി ആവശ്യപ്പെട്ടു. അത് കണ്ട് വന്ന ടീച്ചർ ആഹാ ഇവനാണോ ചായ കുടിച്ചത് എന്ന് ചോദിച്ചപോൾ മടുത്ത് പോയാരുന്നു ടീച്ചറേ എന്നവൻ മറുപടി പറഞ്ഞു. ഇതിന് മുൻപ് ഇതേപോലെ അനുഭവമുണ്ടായത് ഇടുക്കി മുരിക്കാട്ട് കുടി സ്ക്കൂളിൽ വച്ചാണ്. വളരെ ദൂരം ഭക്ഷണം പോലും കഴിക്കാതെ വന്ന അവന് ചായ അത്രക്ക് അത്യാവശ്യമായിരുന്നു. യാതൊരു സമ്മർദ്ദവും ഇല്ലാതെ, കോഫിയൊക്കെ കുടിച്ച് കുട്ടികൾ റിലാക്സായി പരീക്ഷയെഴുതുന്ന കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്”.

Exit mobile version