ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത, അടുത്ത നാല് ദിവസം പെരുമഴ, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ തെക്കന്‍ കേരള തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ലഭിക്കുക.

ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ന്യൂനമര്‍ദ്ദപാത്തിക്ക് പുറമേ തെക്കു കിഴക്കന്‍ ഉത്തര്‍പ്രദേശിനും വടക്കു കിഴക്കന്‍ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂന മര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തിങ്കളാഴ്ചയോടെ പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് പടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്ന് രാജസ്ഥാന്‍, ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version