ചക്രവാതച്ചുഴിയും ന്യൂനമര്‍ദവും, ശനിയാഴ്ച മുതല്‍ കേരളത്തില്‍ മഴ ശക്തമാകും, മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തിലാണ് ശനിയാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക -ഗോവ തീരത്തിന് മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ ഫലമായിട്ടാണ് കേരളത്തില്‍ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

Exit mobile version