തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാന്‍ ശ്രമം. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രെയിനില്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്.
നിലവില്‍ കുട്ടി ആര്‍പിഎഫിന്റെ സംരക്ഷണയിലാണ്. വൈകാതെ ചൈല്‍ഡ്‌ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താംബരം എക്‌സ്പ്രസില്‍ കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നല്‍കുക. കുട്ടിയ്ക്ക് കൗണ്‍സലിംഗ് കൊടുക്കും.
അതേസമയം, കുട്ടിയെ വിമാനാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കാനാണ് പൊലീസ് നീക്കം. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. കുട്ടിയെ റെയില്‍വേ പോലീസിന് കൈമാറിയിരിക്കുകയാണ്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിയ്ക്കുള്ളത്.