ഒറ്റചോദ്യത്തിലൂടെ രാഹുല്‍ഗാന്ധിയുടെ മനം കവര്‍ന്ന് അബുദാബിയിലെ മലയാളി വിദ്യാര്‍ത്ഥിനി; പത്താംക്ലാസ്സുകാരിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

അബുദാബി: യുഎഇയില്‍ പര്യടനം തുടരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മനം കവര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിനി. ശനിയാഴ്ച രാവിലെ ഒമ്പതിന് ദുബായ് അക്കാദമിക് സിറ്റിയില്‍ വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ്
പത്താം ക്ലാസുകാരി അമല ബാബുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണവും കിട്ടി.

വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ കൂട്ടത്തില്‍നിന്ന് അമല ചോദിച്ചു,
‘ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു വരെ അവസരം നല്‍കിയിട്ടും ഗ്രാമീണ വനിതകളെ ഇപ്പോഴും അവഗണിക്കുകയാണല്ലോ?

ആ ചോദ്യം രാഹുല്‍ ഗാന്ധിയ്ക്ക് ഏറെ ബോധിച്ചു, പത്താംക്ലാസുകാരിയില്‍ നിന്നും കനമേറിയ ചോദ്യം. ഒട്ടും അമാന്തിക്കാതെ കൊച്ചുമിടുക്കി അമലയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് എക്കാലവും സ്ത്രീകള്‍ക്കു വലിയ പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് ഉത്തരമായി രാഹുല്‍ പറഞ്ഞു. വനിതാ ബില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടമാണ്. അമലയെപ്പോലെയുള്ളവര്‍ക്കു രാഷ്ട്രീയത്തിലേക്കു വരാന്‍ താത്പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് അവസരമുണ്ടെന്നും സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അമല ബാബു തോമസ് (15). പരിപാടി കഴിഞ്ഞു മടങ്ങും വഴി അമലയെ നമ്മള്‍ വീണ്ടും കാണും എന്നു പറഞ്ഞു ഹസ്തദാനം ചെയ്യാനും രാഹുല്‍ മറന്നില്ല.

അബുദാബിയില്‍ പ്രൈവറ്റ് കമ്പനിയില്‍ ജോലിചെയ്യുന്ന ബാബു തോമസിന്റെയും നഴ്‌സ് ലിനിയുടെയും ഏക മകളാണ് അമല. പത്തനംതിട്ട അടൂര്‍ തുവയൂര്‍ സ്വദേശികളായ ഇവര്‍ പത്തു വര്‍ഷത്തോളമായി അബുദാബിയിലാണ്.

Exit mobile version