തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നെടുമങ്ങാട് മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ 62കാരന് മരിച്ച കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൂവത്തൂര്‍ ചുടുകാട്ടിന്‍ മുകള്‍ വിഷ്ണു ഭവനില്‍ മോഹനന് ആശാരി (62) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്.
ഒന്നാം പ്രതി നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി പെരുക്കം മോഹനന് എന്ന മോഹനന് നായര്‍ (67), രണ്ടാം പ്രതി നെടുമങ്ങാട് ചെല്ലാംകോട് വേണു മന്ദിരത്തില്‍ ചൊട്ട വേണു എന്ന വേണു ( 63) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17 ന് രാതി 8:30 മണിയോടെ മുക്കോല ജംഗ്ഷനില്‍ വച്ചാണ് സംഭവം നടക്കുന്നത്. ഇരട്ടപ്പേര് വിളിച്ചതിനെ തുടര്‍ന്ന് മൂവര്‍ തമ്മിലുള്ള തര്‍ക്കം പിന്നീട് കയ്യാങ്കളിയാവുകയും ഒന്നാം പ്രതിയായ മോഹനന് മോഹനന് ആചാരിയെ പിടിച്ച് തള്ളുകയായിരുന്നു. തുടര്‍ന്ന് വെയിറ്റിംഗ് ഷെഡിന്റെ ചുമരില്‍ വന്ന് വീണ് പുറകുവശത്തെ കഴുത്തിന്റേയും തലയുടെയും ഭാഗത്ത് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കിടന്ന് കൊണ്ട് വീണ്ടും ഇയാള്‍ ദേഷ്യപ്പെട്ടതോടെ പ്രതികള്‍ സംഭവ സ്ഥലത്ത് നിന്നും പോയി.
അബോധാവസ്ഥയില്‍ മൂന്ന് മണിക്കൂറോളം മുക്കോലയില്‍ മഴ നനഞ്ഞ് കിടന്ന മോഹനനെ വിവരമറിഞ്ഞ മകന് വിഷ്ണുവും അമ്മയും ചേര്‍ന്ന് രാത്രി വീട്ടില്‍ കൊണ്ടുവന്നു. മദ്യപിച്ച് ബോധം പോയി എന്നാണ് ആദ്യം ഇവര്‍ കരുതിയത്. കാല് ചലിക്കാതായതിനെ തുടര്‍ന്ന് 18 ന് രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുര്‍ന്ന് മെഡിക്കല്‍ കോളേജ് ഐസിയുവിലും പ്രവേശിപ്പിച്ചു. സ്പൈനല്‍ കോഡ് തകര്‍ന്നിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
19-ന് രാവിലെ ബോധം തെളിഞ്ഞപ്പോഴാണ് മര്‍ദ്ദനമേറ്റ കാര്യം മോഹനന് ആശാരി വീട്ടുകാരോട് പറയുന്നത്. എന്നാല്‍ ഉച്ചയോടെ മെഡിക്കല്‍ കോളേജില്‍ വച്ച് മോഹനന് ആശാരി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടി.
Discussion about this post