അതൊരു പുക പോലെ, വിശദാംശങ്ങള്‍ ഒന്നുമില്ല, കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് സാറ ജോസഫ്

തൃശൂര്‍: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് എഴുത്തുകാരി സാറാ ജോസഫ്. കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിട്ടാലേ റിപ്പോര്‍ട്ട് പൂര്‍ണ്ണമാവുകയുള്ളൂവെന്നും പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നിനോ സൂക്ഷ്മതയോ വ്യക്തതയോ ഇല്ലെന്നും സാറ ജോസഫ് പറഞ്ഞു.

വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണ്. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങള്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്നും
ക്രൈം നടന്നിട്ടുണ്ടെങ്കില്‍ കോടതിയും സര്‍ക്കാരും ഇടപെട്ട് അതില്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും സാറാ ജോസഫ് പറഞ്ഞു.

ക്രൈം നടന്നിട്ടുള്ളതുപോലെയാണ് ഹേമ കമ്മീഷന് മുന്‍പാകെ സ്ത്രീകള്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. ക്രൈം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവിടെ പ്രതിയോ, പ്രതികളോ ഉണ്ടായിരിക്കണം. അനേകം പ്രതികളുണ്ടെന്നാണ് വെളിപ്പെടുത്തലില്‍ നിന്ന് മനസിലാകുന്നത്, പക്ഷെ പ്രതികള്‍ ആരെന്നത് പൊതുജനത്തിന് അറിയില്ലെന്നും സാറ ജോസഫ് കൂട്ടിച്ചേര്‍ത്തു.

അവരുടെ പേര് പെണ്‍കുട്ടികള്‍ പറഞ്ഞിട്ടുണ്ടോ? പേര് റിപ്പോര്‍ട്ടിലുണ്ടോ എന്ന കാര്യവും നമുക്ക് അജ്ഞാതമാണ്. നടിയുടെ കേസില്‍ ദിലീപിനെ കുറ്റാരോപിതനാക്കി കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതില്‍ നടന്ന ബലാത്സംഗതുല്യമായ പീഡനങ്ങള്‍ക്കെതിരെ കൃത്യമായ നടപടിയെടുക്കകയും വെളിച്ചത്തുകൊണ്ടുവരികയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സാറ ജോസഫ് വ്യക്തമാക്കി.

Exit mobile version