തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന എട്ടുവയസ്സുകാരന് മരിച്ചു. കാട്ടാക്കട സ്വദേശി ഗിരീഷ് – മനീഷ ദമ്പതികളുടെ മകന് ആദിത്യനാണ് മരിച്ചത്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് സംശയം. സംഭവത്തിന് പിന്നാലെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. ശനിയാഴ്ചയാണ് കഠിനമായ വയറുവേദനയും വയറിളക്കവും കാരണം കുട്ടിയെ മണിയറവിള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയവെ മരിച്ചു.
ഞായറാഴ്ച രാത്രിയായിരുന്നു മരണം.
വിളപ്പില്‍ശാലയിലെ ഒരു ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. പിന്നാലെ ആണ് കുട്ടിക്ക് ഛര്‍ദിയും വയറുവേദനയും ഉണ്ടായത്. ഭക്ഷ്യവിഷബാധ എന്ന സംശയത്തെ തുടര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു.
തുടര്‍ന്ന് ലൈസന്‍സ് ഇല്ലാതെ ആണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചത് എന്ന് കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതര്‍ പൂട്ടിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും.
Discussion about this post