പത്തനംതിട്ട: ജസ്റ്റിസ് ഹേമ കമ്മിഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള വസ്തുതകള്‍ എന്താണ് എന്നു പരിശോധിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മന്ത്രി സജി ചെറിയാന്. റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളിലേക്ക് പോകേണ്ട കാര്യമുണ്ടെങ്കില്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ടില്‍ സ്ത്രീവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമാമേഖലയില്‍ നടന്നതായി പറയുന്നുവെന്ന് മാധ്യമങ്ങളില്‍ കണ്ടു. ഇക്കാര്യങ്ങള്‍ നാളെ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ജസ്റ്റിസ് ഹേമ തന്നെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്നും രഹസ്യസ്വഭാവമുണ്ടെന്നും ആദ്യം കത്തെഴുതിയത്്. മാത്രമല്ല അന്നത്തെ വിവരാവകാശ കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് നിര്‍ദേശിച്ചുവെന്നും അപ്പോള്‍ സര്‍ക്കാരെന്തു ചെയ്യുമെന്നും മന്ത്രി ചോദിക്കുന്നു.
ഹൈക്കോടതി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള വിലക്ക് നീക്കിയപ്പോള്‍ സര്‍ക്കാര്‍ അത് പ്രസിദ്ധീകരിച്ചുവെന്നും റിപ്പോര്‍ട്ട് ഞങ്ങളാരും വായിച്ചില്ലെന്നും രഹസ്യസ്വഭാവമുള്ളതിനാല്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കസ്റ്റഡിയിലേക്ക് പോകുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post