ജെസ്‌ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍, മൊഴിയെടുക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ നാളെ മുണ്ടക്കയത്ത്

ലോഡ്ജില്‍ കണ്ടത് ജെസ്‌ന തന്നെ ആണോ, കാണാതായതിന് ഇവിടവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക.

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ നാളെ മുണ്ടക്കയത്ത് എത്തും. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട മുണ്ടക്കയം സ്വദേശിനിയുടെ മൊഴി എടുക്കും. ലോഡ്ജില്‍ കണ്ടത് ജെസ്‌ന തന്നെ ആണോ, കാണാതായതിന് ഇവിടവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക.

തിരുവല്ലയില്‍ നിന്നും കാണാതായ ജസ്‌ന മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയിരുന്നുവെന്ന വെളിപ്പെടുത്തലോടെ ജെസ്‌ന തിരോധാന കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. ജെസ്‌ന എത്തിയെന്ന് പറയപ്പെടുന്ന മുണ്ടക്കയത്തെ ലോഡ്ജിനെ കേന്ദ്രീകരിച്ചാണ് വെളിപ്പെടുത്തലുകള്‍.

ജെസ്‌നയുടെ അവസാന സിസിടിവി ദൃശ്യം ലഭിക്കുന്നത് ഈ പ്രദേശത്ത് വെച്ചാണെന്നതിനാല്‍ നേരത്തെ പല തവണ ക്രൈംബ്രാഞ്ച് ഇവിടെ പരിശോധന നടത്തിയിരുന്നു. പത്തനംതിട്ട എസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തി തന്നെ ചോദ്യം ചെയ്തിരുന്നെന്നും ലോഡ്ജ് ഉടമ ബിജു സേവ്യര്‍ പറഞ്ഞു.

അതേസമയം, കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലിനെ ലോഡ്ജ് ഉടമ പൂര്‍ണമായും തളളുകയാണ്. പക്ഷെ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവേളയില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയതും തെളിവ് ശേഖരിച്ചതും ലോഡ്ജ് ഉടമ തള്ളുന്നില്ല.

Exit mobile version