മറയൂര്‍: മൂന്നാര്‍ – മറയൂര്‍ റോഡില്‍ ഇന്നോവ കാറില്‍ യുവാക്കളുടെ സാഹസിക യാത്ര. യുവാക്കള്‍ കാറിന്റെ ഡോറില്‍ ഇരുന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്യുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൂന്നാര്‍ ഉള്‍പ്പെടെയുള്ള മലയോരമേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ള പ്രദേശത്തുകൂടിയാണ് യുവാക്കള്‍ സാഹസികമായി യാത്ര നടത്തിയത്.
പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍ ഉള്ള ഇന്നോവയില്‍ എത്തിയ സംഘമാണ് ഏറെനേരം അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. അപകടകരമായ ഡ്രൈവിംഗ് ദൃശ്യങ്ങള്‍ മറ്റു യാത്രക്കാരാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വാഹന ഉടമയെ കണ്ടെത്തുന്ന മുറയ്ക്ക് തുടര്‍നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ ഗ്യാപ്പ് റോഡില്‍ ഉള്‍പ്പെടെ സാഹസിക ഡ്രൈവിംഗിന് എതിരെ നടപടി ശക്തമാക്കിയപ്പോള്‍ അഭ്യാസപ്രകടനം കുറഞ്ഞിരുന്നു.