ബാങ്കില്‍ നിന്ന് മാനേജര്‍ 26 കിലോ സ്വര്‍ണം തട്ടിയ സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, അന്വേഷണം

40 പവനില്‍ കൂടുതല്‍ പണയം വെച്ച സ്വര്‍ണ്ണം ആണ് തട്ടിപ്പ് നടത്തിയത്.

കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ബാങ്ക് മാനേജര്‍ ലക്ഷ്യം വെച്ചത് കൂടുതല്‍ സ്വര്‍ണം പണയം വെച്ച അക്കൗണ്ടുകളെന്ന് കണ്ടെത്തല്‍. 40 പവനില്‍ കൂടുതല്‍ പണയം വെച്ച സ്വര്‍ണ്ണം ആണ് തട്ടിപ്പ് നടത്തിയത്. 42 ഇടപാടുകളിലായുള്ള സ്വര്‍ണമാണ് നഷ്ടമായത്. അവയില്‍ വന്‍കിട ഇടപാടുകാരും ബിസിനസുകാരും ഉള്‍പ്പെടെയുള്ളതാണ് നഷ്ടപെട്ട സ്വര്‍ണങ്ങളേറെയും.

അതേസമയം, സ്വര്‍ണ്ണം നഷ്ടപ്പെട്ടവര്‍ ഇതേവരെ പരാതി നല്‍കിയിട്ടില്ല. ഉന്നത ബാങ്കുദ്യോഗസ്ഥര്‍ ബാങ്കിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് ബാങ്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജര്‍ തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്.

17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തമിഴ്‌നാട് മേട്ടുപാളയം സ്വദേശി മധുജയകുമാര്‍ ആണ് ബാങ്ക് മാനേജര്‍. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റി. പുതുതായി ചാര്‍ജെടുത്ത മേനേജര്‍ പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.

Exit mobile version