റോഡ് മുറിച്ച് കടക്കുന്നതിനിടെ 9 വയസുകാരിയെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു; ഗുരുതര പരിക്ക്, സംഭവം മലപ്പുറത്ത്

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

മഞ്ചേരി: റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു. എടയൂര്‍ അത്തിപ്പറ്റയിലാണ് സംഭവം. അത്തിപ്പറ്റ ചോലയില്‍ വീട്ടില്‍ ഇസ്ഹാഖിന്റെ ഒന്‍പതു വയസുകാരിയായ മകള്‍ ഫാത്തിമ ഹാദിയയെയാണ് വാഹനം ഇടിച്ചുതെറിപ്പിച്ചത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. റോഡില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു ഫാത്തിമ. എതിര്‍ ദിശയില്‍ നിന്നെത്തിയ മിനി ബസ് ഫാത്തിമ നിന്നിരുന്ന വശത്തിന് അപ്പുറത്ത് വന്ന് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ബസില്‍ കയറാനായി റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ സ്‌കൂട്ടര്‍ പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്‌കൂട്ടര്‍ യാത്രികരും റോഡില്‍ നിയന്ത്രണം വിട്ട് വീണു. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ഹാദിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Exit mobile version