ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ അപകടം; വീട്ടമ്മ മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി, അന്വേഷണം

മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോ സ്‌കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.

കണ്ണൂര്‍: തേര്‍ത്തല്ലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു മേരിക്കുട്ടി. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോ സ്‌കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.

ഒരു കാറിനൊപ്പമായിരുന്നു ഇവരുടെ സ്‌കൂട്ടര്‍ പോയിക്കൊണ്ടിരുന്നത്. കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോ സ്‌കൂട്ടറിലിടിച്ചു. സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞുവീഴുകയും കാറിന്റെ ചക്രം കയറി അപകടമുണ്ടാകുകയുമായിരുന്നു. മേരിക്കുട്ടി തത്ക്ഷണം തന്നെ മരിച്ചു. ഭര്‍ത്താവ് കുഞ്ഞുമോന് സാരമായ പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ഇടിച്ചതിന് ശേഷം ഗുഡ്‌സ് ഓട്ടോ നിര്‍ത്താതെ പോയി. അപകടമുണ്ടാക്കിയ ഗുഡ്‌സ് ഓട്ടോയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version