സ്‌കൂളില്‍ പിടിഎ യോഗം നടക്കുന്നതിനിടെ പ്രധാന അധ്യാപികയ്ക്ക് മര്‍ദനം, പൂര്‍വ്വവിദ്യാര്‍ത്ഥി അറസ്റ്റില്‍

arrest|bignewslive

പത്തനംതിട്ട: പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പ്രദേശവാസിയായ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലാണ് സംഭവം.

കോഴിക്കുന്നത്ത് കെഎച്ച്എം എല്‍പിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ പ്രദേശവാസിയായ വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളില്‍ പിടിഎ യോഗം നടക്കുന്നതിനിടെ അസഭ്യവര്‍ഷവുമായി യുവാവ് കടന്നു വരികയായിരുന്നു. പിടിഎ യോഗം നടക്കുകയാണെന്നും നിങ്ങള്‍ പോകണമെന്നും പ്രധാനാധ്യാപിക പറഞ്ഞു.

എന്നാല്‍ നിര്‍ബന്ധപൂര്‍വം ക്ലാസ് മുറിയില്‍ കയറിയ യുവാവ് പ്രധാനാധ്യാപികയെ അടിച്ചു വീഴ്ത്തിയെന്നും സംഭവം അറിഞ്ഞെത്തിയ അധ്യാപികയുടെ ഭര്‍ത്താവിനെയും ഇയാള്‍ മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.

സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് വിഷ്ണു. അതേസമയം, ഇയാള്‍ എന്തു കാരണത്താലാണ് അധ്യാപികയെ മര്‍ദ്ദിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.

Exit mobile version