ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലിന് ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിക്കും. തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഷിരൂരിലേക്ക് ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ജലമാര്‍ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.
കാലതാമസം കൂടാതെ ഡ്രഡ്ജര്‍ ഗോവയില്‍ നിന്ന് എത്തിക്കാനും തീരുമാനമായിട്ടുണ്ട്. ദിനംപ്രതി നാല് ലക്ഷം രൂപയാണ് ഇതിന് വാടക. നദിയിലൂടെ കൊണ്ടുവരുമ്പോള്‍ പാലങ്ങള്‍ക്ക് താഴേക്കൂടി കൊണ്ടുവരേണ്ടതിനാല്‍ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയും വരും.
അതേസമയം, ഡ്രഡ്ജര്‍ നദിമാര്‍ഗം എത്തിക്കുന്നതിനുള്ള ചെലവ് ജില്ലാ ഭരണകൂടം വഹിക്കുമെന്ന് സതീശ് സൈല്‍ എംഎല്‍എ പറഞ്ഞു. ഇതിനായി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും എംഎല്‍എ പറഞ്ഞു.