വൈദ്യുതാഘാതമേറ്റ് നിലത്ത് വീണ അയല്‍വാസിയുടെ ജീവന്‍ രക്ഷിച്ച് സഹോദരിമാര്‍, കെഎസ്ഇബി ആദരിച്ചു

വൈദ്യുതി ലൈനിനു സമീപം ഇരുമ്പുതോട്ടി കൈകാര്യം ചെയ്യുമ്പോഴാണ് ലത എന്ന കാഴ്ച പരിമിതിയുള്ള മധ്യവയസ്‌കയ്ക്ക് ഷോക്കേറ്റത്.

തിരുവനന്തപുരം: ഷോക്കേറ്റ് മരണത്തോട് മല്ലടിച്ച അയല്‍ക്കാരിയെ രക്ഷിച്ച യുവതികള്‍ക്ക് കെഎസ്ഇബിയുടെ ആദരം. വൈദ്യുതി ലൈനിനു സമീപം ഇരുമ്പുതോട്ടി കൈകാര്യം ചെയ്യുമ്പോഴാണ് ലത എന്ന കാഴ്ച പരിമിതിയുള്ള മധ്യവയസ്‌കയ്ക്ക് ഷോക്കേറ്റത്.

ശ്വാസോച്ഛ്വാസം നിലച്ച നിലയില്‍ വീണു കിടന്ന ലതയ്ക്ക് അയല്‍ക്കാരികളായ ഗായത്രിയും വിജിലയും ചേര്‍ന്ന് സിപിആര്‍ നല്‍കി രക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് ഡിവിഷനു കീഴില്‍ തൊളിക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ പനയ്‌ക്കോട് കവിയൂര്‍ എന്ന സ്ഥലത്ത് ഓഗസ്റ്റ് 11നാണ് അപകടം നടന്നത്.

ഷോക്കേറ്റ വ്യക്തിക്ക് ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കുന്നത് യാദൃച്ഛികമായി കണ്ടതാണ് ഈ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗായത്രിയും വിജിലയും പറഞ്ഞു. സഹോദരിമാരായ ഗായത്രിയെയും വിജിലയെയും കെഎസ്ഇബി തൊളിക്കോട് സെക്ഷന്‍ കാര്യാലയത്തിലേക്ക് ക്ഷണിച്ച് മെമെന്റോയും മധുരവും നല്‍കി ആദരിച്ചു.

Exit mobile version