കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്, 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഈ ദിവസങ്ങളില്‍ ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

തുടര്‍ച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതകള്‍ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട് റായല്‍സീമ മുതല്‍ കോമോറിന്‍ തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. നാളെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ്.

Exit mobile version