വയനാട് ദുരന്തം: വാടക തുക നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി, ദുരന്തബാധിതര്‍ക്ക് പ്രതിമാസം 6,000 രൂപ വരെ ലഭിക്കും

ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും.

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക തുക നിശ്ചയിച്ചു. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും. എന്നാല്‍, സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്ക് വാടക തുക ലഭിക്കില്ല.

സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവര്‍ക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ ഇന്ന് മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു.

Exit mobile version