‘കേരളത്തിനൊപ്പമുണ്ട്, പണം തടസ്സമാകില്ല’ ; നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ കേരളത്തോട് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി.

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ കേരളത്തോട് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട മെമ്മോറാണ്ടമാണ് സമര്‍പ്പിക്കേണ്ടത്.

ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.

കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കും. ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ ഏറ്റവും പ്രധാനം. നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കളക്ടേറ്റിലെ അവലോകന യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

Exit mobile version