കല്‍പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രിയെത്തിയത്.
പ്രധാനമന്ത്രിയെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു.
കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു.
കണ്ണൂരില്‍ നിന്നും 3 ഹെലികോപ്റ്ററിലായിട്ടാണ് പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടുക. ദുരന്തമേഖലയില്‍ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും. ചൂരല്‍മലയിലേക്ക് റോഡ്മാര്‍ഗമായിരിക്കും പ്രധാനമന്ത്രി എത്തുക.