പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം; ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ തെരച്ചിലുണ്ടാകില്ലെന്ന് കളക്ടര്‍

മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ (ശനിയാഴ്ച) തെരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

വയനാട്: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വയനാട് ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേതുടര്‍ന്ന് മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ (ശനിയാഴ്ച) തെരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

സന്നദ്ധ പ്രവര്‍ത്തകര്‍, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച ജനകീയ തെരച്ചില്‍ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

നാളെ രാവിലെ 11 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയില്‍ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടര്‍ന്ന് റിവ്യൂ മീറ്റിംഗും നടത്തും.

Exit mobile version