പാലക്കാടും മലപ്പുറത്തും പ്രകമ്പനം, ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി നാട്ടുകാര്‍

പാലക്കാട്: പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. പാലക്കാട് അലനല്ലൂര്‍ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായത്.

വയനാട്ടിലും കോഴിക്കോടും പ്രകമ്പനമുണ്ടായ രാവിലെ പത്ത് മണിയോടെ തന്നെയായിരുന്നു പാലക്കാടും മലപ്പുറത്തും സംഭവം നടന്നത്. പ്രകമ്പനത്തില്‍ ജനല്‍ കുലുങ്ങിയെന്നും വലിയ ശബ്ദം കേട്ടെന്നും നാട്ടുകാര്‍ പറയുന്നു.

ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലും ഉഗ്ര ശബ്ദം കേട്ടു. രാവിലെ 10 മണിക്കും 10 30നും ഇടയിലുള്ള സമയത്താണ് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും രാവിലെ പത്തേകാലോടെ ശബ്ദവും ഭൂമിക്ക് ചെറിയ രീതിയില്‍ വിറയലും അനുഭവപ്പെട്ടതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

Exit mobile version