ശബരിമല കര്‍മ്മസമിതി നേതാവിനെ പമ്പയില്‍ വെച്ച് കാട്ടുപന്നികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ബിജെപിയുടെ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ വി ഹരികുമാറിനെ (48) ഇദ്ദേഹത്തെ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കാട്ടുപന്നികള്‍ ആക്രമിച്ചത്.
വലത്തെ കാല്‍മുട്ടില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇതോടെ ഹരികുമാറിന് ഇത്തവണ മല കയറാനാകില്ലെന്ന് ഉറപ്പായി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഹരികുമാര്‍ നാട്ടിലേക്ക് മടങ്ങി. പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സ തേടിയത്.
പമ്പയില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതിയുണ്ട്. പമ്പയില്‍ ഗണപതിയമ്പലത്തിനു സമീപമുള്ള ഭാഗങ്ങളിലാണ് പന്നിശല്യം രൂക്ഷം. സന്നിധാനത്ത് നടപ്പന്തല്‍ മാളികപ്പുറം എന്നീ ഭാഗങ്ങളിലും പന്നിശല്യമുണ്ട്. ഗണപതിയമ്പലത്തിന് സമീപമുള്ള ഭാഗങ്ങള്‍, ട്രാക്ടര്‍ റോഡ്, ത്രിവേണി, പോലീസ് മെസ്സിന് സമീപം, ചെറിയാനവട്ടം എന്നിവിടങ്ങളിലാണ് പന്നികള്‍ കൂടുതലുള്ളത്.
ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരുന്നാല്‍ ഒരുപരിധിവരെ കാട്ടുപന്നിശല്യം കുറയ്ക്കാനാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവ പൊതുവെ നിരുപദ്രവകാരികളാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. തീര്‍ത്ഥാടകര്‍ ഇവയെ പ്രകോപിപ്പിക്കാതിരുന്നാല്‍ ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
അതെസമയം ഇപ്പോള്‍ പ്രതിഷേധങ്ങളൊന്നും നടക്കാത്തതിനാല്‍ ഭക്തര്‍ക്ക് ശബരിമലയില്‍ മറ്റ് പ്രയാസങ്ങളൊന്നുമില്ല.