മുണ്ടക്കൈയിലും ചൂരല്‍മലയിലും നടത്തുന്നത് സാധ്യതകളൊന്നും ബാക്കി നിര്‍ത്താതെയുള്ള തിരച്ചില്‍, ക്യാമ്പുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളക്കരയെ ഒന്നടങ്കം നടുക്കിയ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലും ചൂരല്‍മലയിലും നടത്തുന്നത് സാധ്യതകളൊന്നും ബാക്കി നിര്‍ത്താതെയുള്ള തിരച്ചിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരച്ചിലിനായി സൈന്യം, വനംവകുപ്പ്, ഫയര്‍ഫോഴ്സ് എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇന്ന് ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഊര്‍ജിതമായ തിരച്ചിലും നിരീക്ഷണവും നടക്കുകയാണെന്നും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല് നിലമ്പൂര്‍ വരെ ചാലിയാര്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പോകുന്നത്. മന്ത്രിസഭ ഉപസമിതി കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും നാട്ടുകാരില്‍ നിന്നും പ്രത്യേക സഹായം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടലില്‍ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന വേഗത്തില്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകളിലെ ക്യാമ്പില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കും. ശേഷം ക്ലാസ്സുകള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്നും ക്യാമ്പുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version