തിരുവനന്തപുരം: ദേശീയ അവയവദാന പദ്ധതിയുടെ ഭാഗമാകാനൊരുങ്ങി കേരളം. അതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംസ്ഥാന ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന്, സോട്ടോ സ്ഥാപിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്കി. ഇതോടെ മൃതസഞ്ജീവനിക്ക് കൂടുതല്‍ കേന്ദ്ര സഹായം ലഭിക്കും. കേരളാ സര്‍ക്കാരിന്റെ അവയവവിന്യാസ ഏജന്‍സിയാണ് മൃതസഞ്ജീവനി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരിക്കും ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന്, സോട്ടോ സ്ഥാപിക്കുക. ഇതോടെ കേരളത്തിലെ അവയവദാന മേല്‍നോട്ട ചുമതല തിരുവനന്തപുരം മെഡിക്കല്‍ കോളേജിനാകും. സോട്ടോ സ്ഥാപിക്കുന്നതിന് 59.60 ലക്ഷം രൂപയുടെ ഗ്രാന്റും കേന്ദ്രം അനുവദിച്ചു. അവയവ ദാന ആക്ട് അനുസരിച്ചാണ് സംസ്ഥാനത്തെ നടപടി ക്രമങ്ങളെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉറപ്പുവരുത്തുകയും വേണം.
ആദ്യമായാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സോട്ടോ സ്ഥാപിക്കുന്നത്. സോട്ടോ സ്ഥാപിതമാകുന്നതോടെ നിലവില്‍ സ്തംഭനാവസ്ഥയിലായ സംസ്ഥാനത്തെ അവയവ ദാന പ്രക്രിയ കൂടുതല്‍ സുതാര്യമാകുമെന്നാണ് പ്രതീക്ഷ. ഭാവിയില്‍ ഇതര സംസ്ഥാനങ്ങളുമായുള്ള അവയവദാനം കൂടുതല്‍ എളുപ്പമാക്കാനും ദേശീയ ശൃംഖലയുടെ ഭാഗമാകുന്നതോടെ സാധിക്കും.
Discussion about this post