അതിശക്തമായ മഴയില്‍ അപകടകരമാംവിധത്തില്‍ ജലനിരപ്പുയര്‍ന്നു, നദികളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍, എട്ട് ഡാമുകളില്‍ റെഡ് അലേര്‍ട്ട്

river|bignewslive

തിരുവനന്തപുരം: അതിശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പല നദികളിലെയും ജലനിരപ്പ് ഉയരുകയാണ്. അപകടകരമാംവിധത്തില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഏതാനും നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ജല കമ്മീഷന്‍.

തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പുഴ (പാലക്കടവ് സ്റ്റേഷന്‍), ഗായത്രി പുഴ (കൊണ്ടാഴി സ്റ്റേഷന്‍) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷന്‍), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷന്‍), തൃശ്ശൂര്‍ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷന്‍), കാസര്‍കോട് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷന്‍) എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജലനിരപ്പുയര്‍ന്നതിനാല്‍ ഈ നദികളോട് ചേര്‍ന്നുള്ള കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, എട്ട് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മൂഴിയാര്‍, മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുറ്റ്യാടി, ബാണാസുര സാഗര്‍ തുടങ്ങിയ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version