ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 10ന് നടത്താനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് തീരുമാനം. സെപ്റ്റംബറില്‍ നടത്താനാണ് ആലോചന. തീയതി പിന്നീട് അറിയിക്കും.
നേരത്തെ നിശ്ചയിച്ച സാംസ്‌കാരി ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂര്‍ണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു.
മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പില്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാണിച്ചത്. പക്ഷെ കേരളം കണ്ട ഏറ്റവും വലിയദുരന്തത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. ഇതോടെ തീരുമാനം സര്‍ക്കാരിന് വിടാന്‍ ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു.