മേപ്പാടി മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചത്; തന്റെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം: മാധവ് ഗാഡ്ഗില്‍

പുണെ: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിന് പിന്നാലെ പ്രതികരിച്ച് മാധവ് ഗാഡ്ഗില്‍. സര്‍ക്കാറിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സര്‍ക്കാര്‍ തന്നെ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മേപ്പാടി മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്ന് മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി.

കേരളത്തിലെ പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന 13 വര്‍ഷം പഴക്കമുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്നീട് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്.

2011-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുണ്ടായിരുന്നു. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയും മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയുമായിരുന്നു.
also read-540 വീടുകളില്‍ ശേഷിക്കുന്നത് 30 എണ്ണം മാത്രം; മേല്‍ക്കൂരയോടെ ചെളിയില്‍ പുതഞ്ഞ വീടുകള്‍; എവിടെ തിരയുമെന്നറിയാതെ ഉറ്റവര്‍
അനിയന്ത്രിതമായ ഭൂമികൈയേറ്റവും വനനശീകരണവും അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് പ്രളയദുരന്തങ്ങളിലേക്ക് കേരളത്തെ തള്ളിയിട്ടതെന്ന് 2018 സെപ്റ്റംബറില്‍ പുണെയിലെ അന്താരാഷ്ട്ര സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ ഗാഡ്ഗില്‍ പറഞ്ഞിരുന്നു.

പ്രകൃതിസംരക്ഷണവും പാരിസ്ഥിതിക സന്തുലനവും ഉറപ്പാക്കുന്നതിന് ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, അതൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് പ്രതിസന്ധിക്കു കാരണം. ജനങ്ങള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. ഇതിനെതിരേ ജനങ്ങള്‍ സംഘടിക്കണമെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version