തൃശ്ശൂര്‍: തന്റെ വാക്കുകള്‍ വളച്ചൊടിച്ച് സോഷ്യല്‍മീഡിയ വഴി വ്യാജപ്രചാരണം നടത്തുന്ന സംഘപരിവാറിനെ കടന്നാക്രമിച്ച് ചലച്ചിത്ര പ്രവര്‍ത്തകന്‍ ശ്രീകുമാരന്‍ തമ്പി. താന്‍ ഒരിടത്തും പറയാത്ത കാര്യങ്ങള്‍ തന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്ന രീതി ‘സംഘികള്‍’ അവസാനിപ്പിക്കണമെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. ഇതാണോ തന്റെയൊക്കെ ഹിന്ദുത്വം എന്നും അദ്ദേഹം ചോദിക്കുന്നു.
ബംഗാളും ത്രിപുരയും കേരളത്തില്‍ ആവര്‍ത്തിക്കാമെന്ന് സംഘപരിവാര്‍ സ്വപ്നം കാണേണ്ടെന്നും, നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ മാറാന്‍ പോകുന്നില്ല. മേക്കപ്പിട്ട് ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ താന്‍ എതിര്‍ത്തുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികൾ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റിൽ പിണറായി എന്ന പേരോ കേരളസർക്കാർ എന്ന വാക്കോ ഞാൻപറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവർ എന്തു നേടാൻ പോകുന്നു? ഒരു കാര്യം സംഘികൾ ഓർത്തിരിക്കണം കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാമെന്നു നിങ്ങൾ സ്വപ്‌നം കാണണ്ട .നിങ്ങൾ എത്ര കൂകി വിളിച്ചാലും മലയാളികൾ അങ്ങനെ മാറാൻ പോകുന്നില്ല . എല്ലാവരും ഓർത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധർമ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല …പ്രിയ സുഹൃത്തുക്കളോട് ഞാൻ ആവർത്തിക്കട്ടെ …..മേക്കപ്പിട്ടു ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ ഞാൻ എതിർത്തിട്ടുള്ളൂ .