തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ സംസ്ഥാനം നേരിടുന്ന മഴക്കെടുതിയില്‍ സഹായ ഹസ്തമൊരുക്കാന്‍ തിരുവനന്തപുരം നഗരസഭ മുന്നൊരുക്കങ്ങള്‍ നടത്തുന്നു. ദുരിതബാധിതര്‍ക്ക് എന്ത് സഹായവും എത്തിക്കാന്‍ നഗരസഭ സുസ്സജ്ജമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.
കളക്ഷന്‍ പോയിന്റുകള്‍ ആരംഭിക്കേണ്ടി വന്നാല്‍ അവിടെ പ്രവര്‍ത്തിക്കാനും, രക്ഷാപ്രവര്‍ത്തനത്തിന് പോകേണ്ടി വന്നാല്‍ അതിനും സന്നദ്ധരായ വോളന്റിയര്‍മാരുടെ രജിസ്‌ടേഷന്‍ നടപടികള്‍ ആരംഭിച്ചതായും മേയര്‍ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സംസ്ഥാനത്ത് അതിതീവ്രമായ മഴക്കെടുതിയാണ് ഉണ്ടായത്. രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് എന്ത് സഹായവും എത്തിക്കാന്‍ നഗരസഭ സുസ്സജ്ജമാണ്.
വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് അവശ്യസാധനങ്ങള്‍ അയയ്ക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്. ഈ വിഷയം ബഹു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്‍ പ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ ശ്രീ സാംബശിവ റാവുവും വയനാട് ജില്ലാ കളക്ടര്‍ ശ്രീമതി മേഘശ്രീയുമായും ചര്‍ച്ച ചെയ്തു.
നിലവില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നാണ് ഇരുവരും അറിയിച്ചത്. എന്തെങ്കിലും സാധസാമഗ്രികള്‍ ആവശ്യമായി വന്നാല്‍ ഉടനടി ബന്ധപ്പെടാമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും അവശ്യവസ്തുക്കള്‍ എത്തിക്കേണ്ട എന്ത് ആവശ്യം വന്നാലും ഉടനടി എത്തിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും നഗരസഭയില്‍ തയ്യാറാണ്. ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്ന് അറിയിപ്പ് വരുന്നതിന്റെ അടുത്ത നിമിഷം കളക്ഷന്‍ ആരംഭിക്കാന്‍ കഴിയും.
കളക്ഷന്‍ പോയിന്റുകള്‍ ആരംഭിക്കേണ്ടി വന്നാല്‍ അവിടെ പ്രവര്‍ത്തിക്കാനും, രക്ഷാപ്രവര്‍ത്തനത്തിന് പോകേണ്ടി വന്നാല്‍ അതിനും സന്നദ്ധരായ വോളന്റിയര്‍മാരുടെ രജിസ്‌ടേഷന്‍ നടപടികള്‍ നഗരസഭ ആരംഭിച്ചുകഴിഞ്ഞു. ദുരിതബാധിത പ്രദേശങ്ങളില്‍ എന്താവശ്യത്തിനും സഹായവുമായി എത്താന്‍ തിരുവനന്തപുരം നഗരസഭ സുസജ്ജമാണ്.
വോളന്റീയര്‍ രജിസ്‌ട്രേഷന്റെ ലിങ്ക്
https://smarttvm.tmc.lsgkerala.gov.in/volunteer
Discussion about this post