കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ച 51 പേരുടെ പോസ്റ്റ്മോര്‍ട്ട നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നടപടികള്‍ വേഗത്തിലാക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മേപ്പാടിയിലും നിലമ്പൂരിലുമായാണ് ഇത്രയും മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. അതേസമയം, തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ദുരിത ബാധിത പ്രദേശങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നതായും ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
പ്രദേശത്തെ പോളിടെക്നിക്കിലെ താത്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചുവെന്നും ജില്ലയിലെ ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post