തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായ ദുരന്തത്തില്‍ ഇതുവരെ 93 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒട്ടേറെ പേര്‍ ഒഴുകിപ്പോയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ 128 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 16 ഓളം പേരുടെ മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പോത്തുകല്ലില്‍ ചാലിയാറില്‍ നിന്നാണ് കണ്ടെത്തിയതെന്നും ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
34 മൃദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 18 മൃതദേഹങ്ങള്‍ ബന്ധുകള്‍ക്ക് വിട്ട് നല്‍കിയിട്ടുണ്ട്. ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക ടീം പുഴ മുറിച്ച് കടന്ന് മുണ്ടക്കൈ മാര്‍ക്കറ്റ് മേഖലയിലെത്തി, കുടുങ്ങിക്കിടന്ന പരിക്കേറ്റ മുഴുവനാളുകളെയും രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട് ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണിത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന കുഞ്ഞുങ്ങള്‍ അടക്കമുള്ളവരാണ് നേരം പുലരുന്നതിന് മുന്‍പ് ജീവന്‍ നഷ്ടപ്പെട്ട് മണ്ണില്‍ പുതഞ്ഞു പോയതെന്നും മുഖ്യമന്ത്രി വേദനയോടെ പറഞ്ഞു.