ഗുരുതരമായി മുറിവേറ്റവരുള്‍പ്പടെ ജലപാനമില്ലാതെ ഒരു മുറിയില്‍; ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ കുറേ മരണങ്ങള്‍ കാണേണ്ടിവരുമെന്ന് റിസോര്‍ട്ടിലുള്ളവര്‍

മേപ്പാടി: മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും കാത്ത് ഗുരുതരമായി പരിക്കേറ്റവരുള്‍പ്പടെ റിസോര്‍ട്ടില്‍ തുടരുന്നു. മുന്നില്‍ മരണം കണ്ടുകൊണ്ടാണ് ഓരോ നിമിഷവും തള്ളിനീക്കുന്നതെന്ന് മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവര്‍ മാധ്യമങ്ങളെ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷയിലാണ് ഇവര്‍.

കൂട്ടത്തിലുള്ള പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരിക്കുകയാണെന്നും ഇവരെ ചികിത്സിയ്ക്കാന്‍ തനിക്കാകില്ലെന്നും ഉടന്‍ ആശുപത്രിയിലെത്തിക്കേണ്ടതുണ്ടെന്നും റിസോര്‍ട്ടില്‍ കുടുങ്ങിയ അസ്വാന്‍ പ്രതികരിച്ചു.

മുണ്ടക്കൈയിലെ ട്രീവാലി റിസോര്‍ട്ടിലാണ് അസ്വാന്‍ ഉള്‍പ്പെടെയുള്ള നൂറ്റമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ ഇന്നലെ രാത്രി രണ്ട് മണി മുതലാണ് റിസോര്‍ട്ടില്‍ കുടുങ്ങിയിരിക്കുന്നത്. സംഘത്തില്‍ പ്രായമായവും കുട്ടികളും സ്ത്രീകളും ഒരുപാട് രോഗികളുമെല്ലാമുണ്ട്. എങ്ങോട്ടും പോകാന്‍ പറ്റുന്നില്ല. ഒരു റൂമിനുള്ളില്‍ തിങ്ങിക്കഴിയുകയാണ് ഞങ്ങള്‍. അപകടത്തില്‍പെട്ട നിരവധി പേരെ രക്ഷപ്പെടുത്തി എത്തിച്ചിട്ടുണ്ട്. വളരെ ഗുരുതരമായി പരിക്കേറ്റവരുടെ മുറിവ് ക്ലീന്‍ ചെയ്യാന്‍ മാത്രമേ ഞങ്ങളെകൊണ്ട് ഇപ്പോള്‍ സാധിക്കുകയുള്ളൂ. അവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ കുറേ മരണങ്ങള്‍ കാണേണ്ടിവരും. ഇന്നലെ മുതല്‍ ഈ നേരം വരെ ജലപാനം കഴിച്ചിട്ടില്ല.-അസ്വാന്‍ പറയുന്നു.

also read- കേരളത്തിന് 5 കോടി അടിയന്തര സഹായവുമായി സ്റ്റാലിന്‍; ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘത്തെയും അയയ്ക്കും
ഒരു കുടുംബത്തിലെ തന്നെ പത്തും പതിനൊന്നും പേരെയാണ് കാണാതായിരിക്കുന്നത്. രക്ഷപ്പെടുത്താന്‍ ആളുകള്‍ വരുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ആരും ഇതുവരെ എത്തിയിട്ടില്ല. പലരും വിളിക്കുന്നുണ്ട്. മരണം മുന്നില്‍ കണ്ടാണ് ഞങ്ങള്‍ പിടിച്ചുനില്‍ക്കുന്നതെന്നാണ് അസ്വാന്‍ പറഞ്ഞത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും പലയിടങ്ങളിലായി 250 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. സൈന്യത്തിന്റേയും എന്‍ടിആര്‍എഫിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

Exit mobile version