മേപ്പാടി: വയനാട് ചൂരല്‍ മല, മുണ്ടക്കൈ പ്രദേശങ്ങളിലെ ജനവാസ മേഖലകളെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. വയനാട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലേക്ക് പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് വലിയ നോവായി. മലപ്പുറം പോത്തുകല്‍ മുണ്ടേരി ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ലഭിച്ചത് 13 മൃതദേഹങ്ങളാണ്. മൂന്നുവയസ്സുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം തീരത്തടിഞ്ഞത്. 27 പേരുടെ മൃതദേഹം വയനാട്ടില്‍ നിന്നും കണ്ടെടുത്തു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 44 കടന്നു.
പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയായി ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചത് ഈ പാലം തകര്‍ച്ചയാണ്.
ചൂരല്‍മല ടൗണില്‍ ചെളിയും മരങ്ങളും ഉള്‍പ്പടെ നിറഞ്ഞ് റോഡുകളെല്ലാം തടസപ്പെട്ടടിരിക്കുകയാണ്. ഇവിടെ വെള്ളാര്‍മല സ്‌കൂളിന്റെ അരികിലൂടെ ഒഴുകിയിരുന്ന ചെറിയ പുഴയായിരുന്ന ചൂരല്‍മല പുഴ ഉരുള്‍ പൊട്ടിയതോടെ നാലിരട്ടി വലിപ്പത്തില്‍ സ്‌കൂള്‍ ഗ്രൗണ്ടിനേയും കവര്‍ന്ന് പരന്ന് ഒഴുകുകയാണ്. വലിയ പാറക്കഷ്ണങ്ങള്‍ നിറഞ്ഞിരിക്കുകയാണ് ഇവിടെ.
also read- മൂവായിരത്തോളം ജനസംഖ്യ; ഉരുള്‍പൊട്ടലിന്റെ ഭീകരത പുറത്തറിഞ്ഞതിനുമപ്പുറം; ഹെലികോപ്റ്ററിനും എത്താനാകാതെ മുണ്ടക്കൈ; രക്ഷാപ്രവര്‍ത്തനം നടത്തുന്നത് എന്‍ഡിആര്‍എഫ്
സ്‌കൂളിനോട് ചേര്‍ന്നുള്ള ജനവാസമേഖലയിലെ 80-ഓളം വീടുകളില്‍ 90 ശതമാനം വീടുകളും ഒലിച്ചുപോയതാണ് വിവരം. ചിലത് തറ പോലുമില്ലാത്ത വിധം നാമാവിശേഷമായി. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് താല്‍ക്കാലിക പാലം നിര്‍മ്മിക്കാനാകാത്തതിനാല്‍ രക്ഷാചപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്.